
ന്യൂഡൽഹി: ഇന്ത്യയെക്കാൾ പ്രധാനപ്പെട്ട പങ്കാളി അമേരിക്കയ്ക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം ജനുവരി 12 മുതൽ വീണ്ടും ആരംഭിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യയിലെ യുഎസ് സ്ഥാനപതിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഗോർ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം യഥാർഥവും ശക്തവുമാണെന്ന് ഗോർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, യഥാർഥ സുഹൃത്തുക്കൾക്ക് അവ പരിഹരിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ–യുഎസ് ബന്ധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും ഗോർ ചൂണ്ടിക്കാട്ടി.
വ്യാപാരം ഇന്ത്യ–യുഎസ് ബന്ധത്തിലെ പ്രധാന ഘടകമാണെങ്കിലും, സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ സഹകരണം തുടരുകയാണെന്ന് സ്ഥാനപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള ബന്ധമാണ് ഇന്ത്യയും യുഎസും പങ്കിടുന്നതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പ്രസിഡന്റ് ട്രംപിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച അനുഭവങ്ങൾ പങ്കുവച്ച ഗോർ, മോദിയുമായുള്ള ട്രംപിന്റെ സൗഹൃദം വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ ദൃഢമാണെന്ന് വ്യക്തമാക്കി. അടുത്തിടെ നടന്ന അത്താഴവേളയിൽ ഇന്ത്യയിലെ ട്രംപിന്റെ അവസാന സന്ദർശനവും പ്രധാനമന്ത്രിയുമായുള്ള സൗഹൃദവും അദ്ദേഹം ഓർമ്മിപ്പിച്ചുവെന്നും ഗോർ പറഞ്ഞു.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുകയാണ് തന്റെ ദൗത്യലക്ഷ്യമെന്ന് സ്ഥാനപതി വ്യക്തമാക്കി. അംബാസഡർ എന്ന നിലയിൽ വലിയ അജൻഡയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്നും, ഇന്ത്യ–യുഎസ് വ്യാപാര കരാർ ചർച്ചകൾ പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎസിന്റെ നേതൃത്വത്തിലുള്ള പാക്സ് സിലിക്ക അലയൻസിൽ ഇന്ത്യ അംഗമാകുമെന്നും ഗോർ അറിയിച്ചു. പാക്സ് സിലിക്ക രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയെ പൂർണ്ണ അംഗമായി ക്ഷണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും നൂതനവുമായ ആഗോള സിലിക്കൺ വിതരണ ശൃംഖല സൃഷ്ടിക്കുകയാണ് പാക്സ് സിലിക്ക അലയൻസിന്റെ പ്രധാന ലക്ഷ്യം.











